ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍, മണ്ണാര്‍ക്കാട് ബ്ളോക്കിലാണ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമരംപുത്തൂര്‍, പയ്യനെടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് 37.25 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാര്‍ക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂര്‍ തോടുമാണ്. കുമരംപുത്തൂര്‍ എന്ന പേര് തമിഴകവുമായുള്ള ഒരു പഴയകാലബന്ധത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. പുത്തൂര്‍, പുതൂര്‍ എന്നീ സ്ഥലനാമങ്ങള്‍ തമിഴ്നാട്ടിലും തമിഴുസ്വാധീനമുള്ള പാലക്കാടന്‍ ഗ്രാമങ്ങളിലും വ്യാപകമായി കണ്ടുവരുന്നതാണ്. പശ്ചിമഘട്ടത്തിലെ നിക്ഷിപ്തവനങ്ങളും അരിയൂര്‍ തോടും കുന്തിപ്പുഴയും അതിരിടുന്ന ഭൂവിഭാഗമാണ് കുമരംപുത്തൂര്‍. കുന്തിപ്പുഴക്കപ്പുറത്ത് ഭൂമിശാസ്ത്രപരമായി വേറിട്ടുനില്‍ക്കുന്ന ചങ്ങലേരിയും ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. നീലഗിരി ബയോ റിസര്‍വ്(സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്) ഉള്‍പ്പെടുന്ന നിത്യഹരിതവനങ്ങളാണ് പഞ്ചായത്തിന്റെ വടക്കേ അതിര്. ഇവ ഏറനാട് താലൂക്കില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്നു 330 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാരാപ്പാടമാണ്. സമുദ്രനിരപ്പില്‍ നിന്നും 55 മീറ്ററിലധികം ഉയരത്തിലാണ് മറ്റ് പ്രദേശങ്ങള്‍. ഉയരം കൂടിയ കുന്നുകളും അവയ്ക്കിടയിലായി സമതലങ്ങളും താഴ്വരകളും ഇടകലര്‍ന്ന് കാണുന്നതുമാണ് ഇവിടുത്തെ പൊതു ഭൂപ്രകൃതി. കുന്നിന്‍പ്രദേശങ്ങളും ചെരിവുകളും ഏതാണ്ട് മുഴുവനും റബ്ബര്‍കൃഷിക്കുപയോഗിക്കുന്നു. ചെരിവുകളും സമതലങ്ങളും പറമ്പുകളും താഴ്വരകളും പാടങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണുള്ളത്. സെലന്റ്വാലി നിത്യഹരിത വനങ്ങളില്‍ നിന്നാരംഭിച്ച് ഏതാണ്ട് തെക്കുപടിഞ്ഞാറായി ഒഴുകുന്ന അരിയൂര്‍ തോടും കുന്തിപ്പുഴയും കുമരംപുത്തൂരിന്റെ കിഴക്കും പടിഞ്ഞാറും അതിരുകളിലൂടെ സ്പര്‍ശിച്ചുപോകുന്നു. ഇവ കൂടാതെ മറ്റ് ചില ചെറുതോടുകളും ഇവയ്ക്ക് സമാന്തരമായും ഇതിലേക്കും ഒഴുകിയെത്തുന്നു. ശാന്തിവായ്ക്കല്‍ തോടാണ് ഇവയില്‍ പ്രധാനം. ഇവയെല്ലാം ചേര്‍ന്ന് സുസംഘടിതമായ ഒരു പ്രകൃതിദത്ത ജലപ്രവാഹസങ്കേതം ഇവിടെ നിലനിര്‍ത്തുന്നുണ്ട്. കുന്നിന്‍പുറങ്ങളില്‍ വീഴുന്ന മഴവെള്ളം ഒലിച്ച് താഴ്വരകളിലെ പറമ്പുകളിലും പാടങ്ങളിലുമെത്തി അവിടെനിന്ന് ചെറുചാലുകളിലൂടെ ഒഴുകി തോടുകളിലും പുഴകളിലും എത്തുന്നു. ഇവ കൂടാതെ പഞ്ചായത്തിലുടനീളമുള്ള അനേകം കുളങ്ങളും ജലസംഭരണപ്രക്രിയയുടെ ഭാഗമായി വര്‍ത്തിക്കുന്നു.